കടുവാ സങ്കേതങ്ങളിലെ വിനോദ സഞ്ചാരം: പൂര്‍ണനിരോധനം സുപ്രീം കോടതി നീക്കി

ന്യൂഡല്‍ഹി • കടുവാ പരിപാലനത്തിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ വിജ്ഞാപനം ചെയ്ത പശ്ചാത്തലത്തില്‍, കടുവാ സങ്കേതങ്ങളിലെ കേന്ദ്രഭാഗങ്ങളില്‍ വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ പൂര്‍ണ നിരോധനം സുപ്രീം കോടതി നീക്കി. കടുവാ സങ്കേതങ്ങളിലും അവയുടെ കരുതല്‍ മേഖലകളിലും സ്ഥിതിചെയ്‌യുന്ന ക്ഷേത്രങ്ങളില്‍ തീര്‍ഥാടക നിയന്ത്രണമുള്‍പ്പെടെ വ്യവസ്ഥ ചെയ്‌യുന്നതും കേന്ദ്ര ഭാഗങ്ങളുടെ 20% പ്രദേശത്തു വിനോദസഞ്ചാരം അനുവദിച്ചുള്ളതുമാണു മാര്‍ഗനിര്‍ദേശങ്ങള്‍.
Photo courtesy: http://www.nirajkedar.com


നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാനങ്ങള്‍ കടുവാ പരിപാലന പദ്ധതി ആറു മാസത്തിനകം തയാറാക്കണമെന്നും ജഡ്ജിമാരായ എ.കെ. പട്നായിക്, സ്വതന്തര്‍ കുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. സംസ്ഥാനങ്ങള്‍ തയാറാക്കുന്ന പദ്ധതി ദേശീയ കടുവാ പരിപാലന അതോറിറ്റിയുടെ (എന്‍ടിസിഎ) അംഗീകാരത്തിനായി നല്‍കണം. അതോറിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ പദ്ധതി നടപ്പാക്കാന്‍ പാടുള്ളൂ. 

മാര്‍ഗനിര്‍ദേശങ്ങളിലെ ഏതെങ്കിലും വ്യവസ്ഥകളോടു വിയോജിപ്പുള്ളവര്‍ക്ക് അത് ഉചിതമായ അധികാരസ്ഥാനത്തു ചോദ്യംചെയ്‌യാമെന്നും ബെഞ്ച് വിശദീകരിച്ചു. വ്യവസ്ഥകളൊന്നും ശരിവയ്ക്കാനോ റദ്ദാക്കാനോ കോടതി തയാറായില്ല. ഫലത്തില്‍, മാര്‍ഗനിര്‍ദേശങ്ങളില്‍ വിയോജിപ്പുണ്ടെങ്കില്‍ സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം.

കേന്ദ്രം വിജ്ഞാപനം ചെയ്തിട്ടുള്ളതു മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്. അവയുടെ അടിസ്ഥാനത്തില്‍ ഒാരോ കടുവാ സങ്കേതത്തിനും പ്രത്യേകമായ പദ്ധതിയാണു സംസ്ഥാനങ്ങള്‍ തയാറാക്കേണ്ടതെന്നു നിയമവൃത്തങ്ങള്‍ വിശദീകരിച്ചു. പെരിയാറിനും പറന്പിക്കുളത്തിനും രണ്ടിടത്തെയും പ്രത്യേകതകള്‍ കണക്കിലെടുത്തുള്ള സമഗ്രപദ്ധതികളാണു കേരളം തയാറാക്കേണ്ടത്. 

കടുവാ സങ്കേതങ്ങളിലും അവയ്ക്കു ചുറ്റുമുള്ള കരുതല്‍ മേഖലകളിലും സ്ഥിതിചെയ്‌യുന്ന തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കു  മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. ശബരിമല, മംഗളാദേവി ക്ഷേത്രങ്ങള്‍ പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ കരുതല്‍ മേഖലയിലാണ്. അപ്പോള്‍, സംസ്ഥാനം തയാറാക്കുന്ന പദ്ധതിയില്‍ ക്ഷേത്രങ്ങള്‍ സംബന്ധിച്ച താല്‍പര്യങ്ങള്‍ കണക്കിലെടുത്തുള്ള നിര്‍ദേശങ്ങളാവാം. അവ എത്രകണ്ടു കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളുമായി ഒത്തുപോകുന്നുവെന്ന് എന്‍ടിസിഎയെ ബോധ്യപ്പെടുത്തണമെന്നു മാത്രം. 

കടുവാ പരിപാലനം, അനുവദനീയ മേഖലകളില്‍ പരിസ്ഥിതി സൗഹാര്‍ദപരമായ ടൂറിസം, മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ തീര്‍ഥാടന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്നിവയ്ക്ക് ഊന്നല്‍നല്‍കിയുള്ള പദ്ധതിയാണു സംസ്ഥാനം തയാറാക്കേണ്ടതെന്നു പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, നിലവില്‍ മാസ്റ്റര്‍ പ്ളാന്‍ പ്രകാരം ശബരിമലയില്‍ ഉദ്ദേശിച്ചിട്ടുള്ള വികസന പദ്ധതികളെ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധിക്കില്ല. വനയിതര ആവശ്യങ്ങള്‍ക്കായി ശബരിമലയില്‍ 12.675 ഹെക്ടര്‍ വനഭൂമി ഉപയോഗിക്കാന്‍ 2005ല്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. മുന്‍ ഉത്തരവുകളൊന്നും പുനഃപരിശോധിക്കിലെ്ലന്നു കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 

കടുവാ സങ്കേതങ്ങള്‍ക്കു ചുറ്റും ജീവിക്കുന്ന ആദിവാസി വിഭാഗങ്ങളെ പുനരധിവസിപ്പിച്ച് വന്യജീവി സംരക്ഷകരായി മാറ്റണമെന്നു മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വന്യജീവി സംരക്ഷണത്തിനു ശന്പളം, ജലസേചന സൗകര്യമുള്ള കൃഷിഭൂമി, ആരോഗ്യ പരിപാലന_താമസ സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ക്ഷേമ പാക്കേജ് ആണു നിര്‍ദേശിച്ചിട്ടുള്ളത്. 

മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യത്തെ 41 കടുവാ സങ്കേതങ്ങള്‍ക്കുമായി വിജ്ഞാപനം ചെയ്തതായി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിങ്ങും ഹാരീസ് ബീരാനും കോടതിയെ അറിയിച്ചു. കഴിഞ്ഞ ജൂലൈ 24ന് ആണ് അജയ് ദുബെ എന്നയാളുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച കോടതി കടുവാ സങ്കേതങ്ങളില്‍ വിനോദ സഞ്ചാരത്തിനു പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്. 

Mnorama online:17/10/2012

0 comments:

Post a Comment