വന്യജീവിസങ്കേതങ്ങളില്‍ രാത്രിയാത്ര, പുതിയ റോഡ് പാടില്ല

പി. ബസന്ത്‌


ന്യൂഡല്‍ഹി: വന്യജീവിസങ്കേതങ്ങളിലും സംരക്ഷിതമേഖലകളിലും രാത്രിയാത്ര നിരോധിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയസമിതി നിര്‍ദേശിച്ചു. ഈ മേഖലകളില്‍ പുതിയ റോഡുകള്‍ക്കോ നിലവിലുള്ളവ വീതി കൂട്ടുന്നതിനോ അനുമതി നല്‍കരുതെന്നും വന്യജീവി ദേശീയബോര്‍ഡ് അംഗം ഡോ. എം.കെ. രഞ്ജിത് സിങ് അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു.
Photo Courtesy: JCI Gudaloor


സംരക്ഷിത വനമേഖലകളിലുള്ള റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നതിന് വേണ്ടിയാണ് സമിതിയെ നിയോഗിച്ചത്. കടുവാസംരക്ഷണ കേന്ദ്രങ്ങള്‍, ദേശീയപാര്‍ക്കുകള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയിലൂടെ രാത്രിയാത്ര പൂര്‍ണമായി നിരോധിക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. പല കടുവാസംരക്ഷണ കേന്ദ്രങ്ങളിലും മറ്റും ഇപ്പോള്‍ നിരോധനമുണ്ട്. ഈ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് രാത്രികാലത്തേക്ക് പാസുകള്‍ നല്‍കണമെന്നും സമിതി വ്യക്തമാക്കി.

ബന്ദിപ്പുരിലെ വനങ്ങളിലൂടെ നിലവിലുള്ള രാത്രിയാത്ര നിരോധിച്ചത് പിന്‍വലിക്കാന്‍ കേരളം നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് സമിതിശുപാര്‍ശകള്‍.

സമിതിയുടെ നിര്‍ദേശങ്ങള്‍ ഇവയാണ്.

* ദേശീയ പാര്‍ക്കുകളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും കടന്നുപോകുന്ന റോഡുകളുടെ തത്സ്ഥിതി നിലനിര്‍ത്തി അറ്റകുറ്റപ്പണി നടത്തണം. വീതികൂട്ടാനോ നവീകരിക്കാനോ പാടില്ല. ടാറിട്ടതാണെങ്കില്‍ ആ ഭാഗം വീതികൂട്ടാനോ റോഡ് മൊത്തത്തില്‍ വീതി കൂട്ടാനോ പാടില്ല.

* അതേസമയം, സംരക്ഷിത മേഖലയ്ക്കുള്ളിലുള്ള ഗ്രാമങ്ങളിലേക്ക് പോകുന്നതിന് എല്ലാ കാലാവസ്ഥകള്‍ക്കും ഇണങ്ങുന്ന റോഡുകള്‍ പരിഗണിക്കാം. ഗ്രാമങ്ങളിലേക്കുള്ള റോഡുകളില്‍ കലുങ്കുകളും കല്ലിടുന്നതും പരിഗണിക്കാം. ഇത് ദേശീയ വനബോര്‍ഡിന്റെ ശുപാര്‍ശപ്രകാരം വനംവകുപ്പാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. അപ്പോഴും വീതി തത്സ്ഥിതിയായിരിക്കണം.

* ദേശീയ പാര്‍ക്കുകളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ വരുന്നതോ പരിസ്ഥിതിലോല മേഖലയിലോ വരുന്ന റോഡുകള്‍ക്കും ഈ മാനദണ്ഡം ബാധകമാണ്.

* സംരക്ഷിത മേഖലകളിലൂടെയുള്ള റോഡുകളുടെ ഉടമസ്ഥതയും അറ്റകുറ്റപ്പണിയും കൈമാറാന്‍ പറ്റില്ല. എന്നാല്‍, ചില മരാമത്തുറോഡുകള്‍ തിരികെ വനം വകുപ്പിന് നല്‍കുന്നത് പരിഗണിക്കാവുന്നതാണ്.

* വൈകിട്ട് ആറിനും രാവിലെ എട്ടിനുമിടയില്‍ ഒരുവിധ അറ്റകുറ്റപ്പണിയും അനുവദിക്കില്ല.

* സംരക്ഷിതമേഖലയ്ക്ക് പുറത്തായിരിക്കണം അറ്റകുറ്റപ്പണിക്കാരുടെ താമസം.

* തീയിടാനായി ഈ മേഖലയില്‍നിന്ന് തടിവെട്ടുന്നത് നിരോധിക്കണം.

* സംരക്ഷിതമേഖലയില്‍നിന്ന് അറ്റകുറ്റപ്പണിക്കായി മണ്ണെടുക്കാന്‍ പാടില്ല. കല്ലും മറ്റും നദികളിലോ ജലാശയങ്ങളിലോ തള്ളരുത്.

* പട്രോളിങ്ങിനും വിനോദസഞ്ചാരത്തിനും വേണ്ടി പുതിയ റോഡുകള്‍ വേണമെന്നുണ്ടെങ്കില്‍ അക്കാര്യം കാര്യകാരണ സഹിതം വനംവകുപ്പ് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയെയും സംസ്ഥാന വന്യജീവി ബോര്‍ഡിനെയും ബോധ്യപ്പെടുത്തണം.

* ഗതാഗതത്തിന്റെ സമയവും അളവും നിയന്ത്രിക്കണം.

* വേഗം കുറയ്ക്കുന്നതിന് വാഹനങ്ങളില്‍ വേഗപ്പൂട്ടുകളും മറ്റും നിര്‍ബന്ധമാക്കണം.

* ഈ മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിക്കരുത്.

* ഹോണ്‍ ഉപയോഗിക്കുന്നതും ചവറിടുന്നതും വിലക്കണം.

* വനംവകുപ്പിന്റെ പരിശോധനാ എന്‍ട്രി, എക്‌സിറ്റ് പോയന്റുകളില്‍ വേണം.

* റോഡുകള്‍ മുറിച്ചു കടക്കുന്നതിന് വന്യജീവികള്‍ ഉപയോഗിക്കുന്ന സ്വാഭാവിക പാത നിലനിര്‍ത്തണം. ജലാശയങ്ങളിലേക്കുള്ള മൃഗങ്ങളുടെ പാത സംരക്ഷിക്കണം.

* റോഡുകളുടെയും പാലങ്ങളുടെയും അടിയില്‍ക്കൂടി അടിപ്പാതകള്‍, ടണലുകള്‍, കലുങ്കുകള്‍, പൈപ്പുകള്‍ തുടങ്ങിയവ നിര്‍മിക്കണം. ആന, കടുവ തുടങ്ങിയവയ്ക്ക് കടന്നുപോകുന്നതിന് റെയില്‍പ്പാളങ്ങളുടെയും ദേശീയ പാതകളുടെയും അടിയില്‍ക്കൂടി അടിപ്പാത പരിഗണിക്കാവുന്നതാണെന്നും സമിതി നിര്‍ദേശിച്ചു.

Mathrubhumi, 26/11/2013

0 comments:

Post a Comment