പമ്പ വനം ഡിവിഷനില്‍ അഞ്ച് കടുവകളുടെ സാന്നിധ്യം

ശബരിമല • സന്നിധാനം ഉള്‍പ്പെടുന്ന പന്പ വനം ഡിവിഷന്‍ പരിധിയില്‍ അഞ്ചു കടുവകളുടെ സാന്നിധ്യം കണ്ടെത്തി. പ്രത്യേക നിരീക്ഷണ ക്യാമറകള്‍ ഉപയോഗിച്ചു വനംവകുപ്പു നടത്തിയ കണക്കെടുപ്പിലാണ് പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്‍റെ പശ്ചിമ മേഖലയായ പന്പ ഡിവിഷനില്‍ കടുവകളെ കണ്ടെത്തിയത്.

ഇവയില്‍ ഒരെണ്ണം ശബരിമല സന്നിധാനത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ കുന്നാറിനു സമീപത്ത് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. കുന്നാറില്‍ കണ്ടെത്തിയ കടുവ സാമാന്യം വലുപ്പമുള്ളതു തന്നെയാണെന്നു വനംവകുപ്പ് അധികൃതര്‍ പറയുന്നു. എങ്കിലും ഇത് കാടിറങ്ങുന്നതു വിരളമാണെന്നതിനാല്‍ ഭയപ്പെടാനിലെ്ലന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

രാജ്യത്തെ മുഴുവന്‍ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലെയും കടുവകളുടെ എണ്ണം കണ്ടെത്താനായി നടത്തുന്ന കണക്കെടുപ്പിന്‍റെ ഭാഗമായാണ് പന്പ ഡിവിഷനിലും സര്‍വേ നടത്തിയത്.

മറ്റു ഡിവിഷനുകളിലേതിനു സമാനമായി നവംബര്‍ മാസത്തില്‍ കണക്കെടുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശബരിമല തീര്‍ഥാടനം പരിഗണിച്ചു സന്നിധാനം ഉള്‍പ്പെടുന്ന പന്പ ഡിവിഷനില്‍ കണക്കെടുപ്പു നേരത്തെയാക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഒക്‌ടോബറിലാണ് വനം ഡിവിഷന്‍ പരിധിയിലെ 32 ഇടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.

ഒരുമാസം തുടര്‍ച്ചയായി ബാറ്ററി ചാര്‍ജ് നില്‍ക്കുന്നതും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ പ്രത്യേക നിരീക്ഷണ ക്യാമറകളാണ് വനപ്രദേശങ്ങളില്‍ സ്ഥാപിച്ചത്. ഒരുമാസത്തോളം നീണ്ട കണക്കെടുപ്പിനൊടുവിലാണ് ഡിവിഷന്‍ പരിധിയില്‍ അഞ്ചു കടുവകളെ കണ്ടെത്തിയത്.

കടുവയെ കൂടാതെ ആന, കാട്ടുപോത്ത്, മ്ലാവ്, മുള്ളന്‍പന്നി, മാന്‍, കാട്ടുകോഴി, കാട്ടുപന്നി, കരടി തുടങ്ങിയ വന്യജീവികള്‍ വനം ഡിവിഷനില്‍ സുലഭമാണെന്നു ക്യാമറാ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റു ഡിവിഷനുകളില്‍ പുലി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും പന്പ ഡിവിഷനില്‍ ഇവയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മലയാള മനോരമ 4/12/2012

Read more »