ജലസമ്പത്ത് സംബന്ധിച്ച വിവരങ്ങള്‍ ഇനി രഹസ്യമല്ല

ന്യൂഡല്‍ഹി: ജലലഭ്യതയെയും സ്രോതസ്സുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇനി അതി രഹസ്യമല്ല. കാര്യകാരണങ്ങള്‍ വിശദീകരിച്ച് രേഖ ആവശ്യപ്പെടുന്നവര്‍ക്ക്, അവരുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറാമെന്ന് കേന്ദ്ര ജല വിഭവ മന്ത്രാലയം പുറത്തിറക്കിയ പുതിയ നയരേഖയില്‍ വ്യക്തമാക്കുന്നു. വിദേശികള്‍ക്ക് വിവരം നല്‍കുന്നതിനും തടസ്സമില്ല.

കിട്ടുന്ന വിവരങ്ങള്‍ കൈമാറാനോ, പ്രസിദ്ധീകരിക്കാനോ പാടില്ല. അതുപയോഗിച്ച് നടത്തുന്ന വിശകലനങ്ങളുടെ ഫലം മാത്രമേ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കൂവെന്ന് നയരേഖയില്‍ വ്യക്തമാക്കുന്നു. വാണിജ്യ ലക്ഷ്യത്തോടെയാണ് വിവരം തേടുന്നതെങ്കില്‍ ഓരോ പ്രദേശത്തിനും പ്രതിവര്‍ഷം 75, 000 രൂപ ഫീസീടാക്കിയായിരിക്കും വിവരങ്ങള്‍ നല്‍കുക. അതേ സമയം വാണിജ്യലക്ഷ്യത്തോടെയല്ലാതെ വിവരങ്ങള്‍ തേടുന്ന ഇന്ത്യക്കാര്‍ ഫീസ് നല്‍കേണ്ടതില്ല.

രണ്ട് തലത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമായിരിക്കും ജലസമ്പത്ത് സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകന് നല്‍കുക. കേന്ദ്ര ജലക്കമ്മീഷനിലെ ഇതിനായി ചുമതലപ്പെടുത്തിയ ചീഫ് എന്‍ജിനീയര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകന്റെ വിശ്വസിനീയത, ഉദ്ദേശ്യശുദ്ധി എന്നിവയും തേടുന്ന വിവരങ്ങള്‍ക്ക് ഈടാക്കേണ്ട ഫീസും വിലയിരുത്തി അദ്ദേഹം ശുപാര്‍ശ നല്‍കണം. ജലക്കമ്മീഷനിലെ നാല് മുതിര്‍ന്ന അംഗങ്ങളും വിദേശ മന്ത്രാലയത്തിലെ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് ശുപാര്‍ശ പരിഗണിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്.

പാകിസ്താനിലേക്കൊഴുകുന്ന സിന്ധു നദിയും അതിന്റെ പോഷക നദികളും അടങ്ങുന്ന ഒന്നാം മേഖലയിലെയും ബംഗ്ലദേശിലേക്കൊഴുകുന്ന ഗംഗ-ബ്രഹ്മപുത്ര-മേഘ്‌ന നദിതടം അടങ്ങുന്ന രണ്ടാം മേഖലയിലെയും വിവരങ്ങള്‍ രഹസ്യരേഖയായാണ് കരുതുന്നത്.എന്നാല്‍ ഇതൊഴികെയുള്ള പ്രദേശങ്ങളിലെ ജലസമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമല്ല.

Mathrubhumi 29/8/2013

0 comments:

Post a Comment