വരഡൂര്‍: തുമ്പികളുടെ ഗ്രാമം

തളിപ്പറമ്പ്:വരഡൂര്‍ ഗ്രാമത്തിലെത്തിയാല്‍ മാടായിപ്പാറയോട് കിടപിടിക്കുന്ന രീതിയില്‍ പാറിപ്പറന്നു നടക്കുന്ന തുമ്പികളെ കാണാം. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെന്‍ഡറി സ്‌കൂള്‍ അഗ്രിക്കള്‍ച്ചര്‍ വിഭാഗത്തിലെ ജന്തുശാസ്ത്ര അധ്യാപകനായ വിനയന്‍ പി. നായര്‍ നടത്തിയ പഠനത്തിലാണ് തളിപ്പറമ്പിനടുത്തുള്ള മുയ്യം-വരഡൂര്‍ പ്രദേശത്ത് 44 ഇനം തുമ്പികളെ കണ്ടെത്തിയത്. 

പഠനറിപ്പോര്‍ട്ട് ഇന്‍വര്‍ട്ടിബ്രേറ്റ് കണ്‍സര്‍വേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഇ-ജേര്‍ണലായ 'ബഗ്‌സ് ആര്‍ ഓളി'ല്‍ പ്രസിദ്ധീകരണത്തിനായി ഈ പഠനം അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി മുയ്യം വരഡൂര്‍ ലക്ഷ്മീനാരായണക്ഷേത്ര പരിസരത്തും പാടശേഖരങ്ങളിലുമായി നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തല്‍. 

സൈരന്ധ്രി ക്ലബ് ടെയില്‍, കേരളത്തില്‍ രണ്ടാമതായി കണ്ണൂരില്‍ കണ്ടെത്തിയ പാരക്കീറ്റ് ഡാര്‍നര്‍, കണ്ണൂരില്‍ ആദ്യമായി സാന്നിധ്യം തിരിച്ചറിഞ്ഞ റസ്റ്റി മാര്‍ഷ്ഡാര്‍ട്ട്, മലബാര്‍ സൈപ്രറ്റ്, ബ്ലൂ ടെയില്‍ഡ് ഗ്രീന്‍ഡാര്‍നര്‍, റൂഫസ് ബാക്ക്ഡ് മാര്‍ഷ് ഡാര്‍ട്ട്, ആംബര്‍ വിങ്‌സ് മാര്‍ഷ് ഗ്ലൈഡര്‍ എന്നീ ഇനങ്ങളും ഇവിടെയുണ്ട്. 44 ഇനങ്ങള്‍ക്ക് പുറമെ ഈയടുത്തായി അത്യപൂര്‍വമായ എപോഫ് താല്‍മിയ ഫ്രോണ്‍ടാലിസ്, മൈത്രോ ഗോംഫസ് സ്​പീഷീസ് എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. 

പശ്ചിമഘട്ട മലനിരകളിലെ നിബിഡവനങ്ങളില്‍ മാത്രം കണ്ടെത്തിയ സൈരന്ധ്രി ക്ലബ് ടെയില്‍ എന്നയിനത്തിന്റെ സാന്നിധ്യം ഈ പ്രദേശത്തിന്റെ ജൈവപ്രാധാന്യം തെളിയിക്കുന്നതാണ്. 42 ഇനം തുമ്പികളെ കണ്ടെത്തിയ മാടായിപ്പാറയില്‍ കണ്ടെത്താത്ത ചില ഇനങ്ങളും ഈ പ്രദേശത്തുണ്ട്. പഠനത്തില്‍ കണ്ടെത്തിയ മിക്ക സ്​പീഷീസുകളും കൊതുകുകളെ തിന്നുന്നവയാണ്. 

പ്രദേശത്തെ വയലുകളും കുളങ്ങളും തോടുകളും തണ്ണീര്‍ത്തടങ്ങളും സംസ്ഥാന കൃഷിത്തോട്ടമായ കരിമ്പം ഫാമിന്റെ സാന്നിധ്യവും തുമ്പികളുടെ പ്രജനനത്തിനും വളര്‍ച്ചയ്ക്കുമുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നുണ്ട്. 

ടാഗോര്‍ വിദ്യാനികേതന്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അഗ്രിക്കള്‍ച്ചര്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍ വിഭാഗം തളിപ്പറമ്പ് താലൂക്കിലെ തുമ്പികളുടെ വൈവിധ്യത്തെക്കുറിച്ച് വിശദ പഠനങ്ങള്‍ക്കൊരുങ്ങുകയാണ്.

Mathrubhumi 8/9/2013

0 comments:

Post a Comment