കസ്തൂരി രംഗന്‍: കാര്‍ഷിക വാഴ്സിറ്റി പഠിക്കും

തിരുവനന്തപുരം• കാര്‍ഷിക മേഖലയില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വിശദമായി പഠിക്കുന്നതിനു കാര്‍ഷിക സര്‍വകലാശാലാ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയില്‍ കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്താത്തത് നിര്‍ഭാഗ്യകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ സമിതികളുടെ ശുപാര്‍ശകള്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിലയിരുത്തി പരിഹാരം നിര്‍ദ്ദേശിക്കേണ്ടതു സര്‍വകലാശാലയുടെ കടമയാണെന്ന് യോഗം വിലയിരുത്തി. ഇതു സംബന്ധിച്ച് ശില്‍പശാലയും, ചര്‍ച്ചകളും സംഘടിപ്പിക്കാനും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു സര്‍ക്കാരിനു സമര്‍പ്പിക്കാനും തീരുമാനിച്ചു.

സര്‍വകലാശാലയുടെ ഭൂമി പാഴാകാതെ സംരക്ഷിക്കുകയും ശാസ്ത്രീയ ഭൂവിനിയോഗ പദ്ധതി നടപ്പിലാക്കുകയും ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ ഉറപ്പു നല്‍കി. സര്‍വകലാശാലയിലെ തസ്തികകള്‍ വെറ്ററിനറി സര്‍വകലാശാലയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടിലെ്ലന്നും മാറ്റാന്‍ അനുവദിക്കിലെ്ലന്നും വി.എസ്. സത്യശീലന്‍റെ ചോദ്യത്തിന് ഭരണ സമിതിയംഗം എം.പി. വിന്‍സന്‍റ് മറുപടി നല്‍കി. തസ്തിക മാറ്റുന്നതു സംബന്ധിച്ച് ജീവനക്കാര്‍ക്കിടയിലുള്ള ആശങ്ക ദൂരീകരിക്കണമെന്ന് കെ. ഗിരീന്ദ്ര ബാബു, എന്‍.എല്‍. ശിവകുമാര്‍, ഡോ. ജിജു പി. അലക്സ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

ഗവേഷണ പദ്ധതികള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനുള്ള ഭരണപരമായ പിന്തുണ ഉറപ്പു വരുത്തുമെന്ന് ഡോ. അനില്‍ കുമാറിനെ ഡോ. പി. രാജേന്ദ്രന്‍ അറിയിച്ചു. കോളജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാര്‍ഥി പ്രതിനിധികളായ അച്യുത് ശങ്കര്‍, അവിനാശ് റെജി തോമസ് എന്നിവര്‍ക്ക് ഉറപ്പു ലഭിച്ചു. മനുഷ്യ വിഭവശേഷിയില്‍ വന്ന കുറവ് സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടതിനെത്തുടര്‍ന്നുള്ള നടപടിക്രമം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന് ഭരണ സമിതി അംഗം സോണി സെബാസ്റ്റ്യന്‍ പറഞ്ഞു. അധ്യാപകരുടെ കരിയര്‍ അഡ്വാന്‍സ്‌മെന്‍റ് പ്രൊമോഷന്‍ നടപ്പിലാക്കും. കാര്‍ഷിക സര്‍വകലാശാലാ എസ്‌റ്റേറ്റ് അടച്ചു പൂട്ടാന്‍ തീരുമാനമില്ല.

സര്‍വകലാശാല നേരിടുന്ന സാന്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഒറ്റത്തവണ ഗ്രാന്‍റ് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇക്കൊല്ലം ലഭിച്ച പദ്ധതിയേതര വിഹിതംകൊണ്ട് ഇതു വരെയുള്ള ചെലവുകള്‍ നടത്താനായെങ്കിലും ക്ഷാമ ബത്താ വര്‍ദ്ധന, പെന്‍ഷന്‍ എന്നിവ മൂലമുള്ള അധിക ബാധ്യതയ്ക്ക് അധിക സഹായം വേണം. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് 60 കോടിയായിരുന്ന പെന്‍ഷന്‍ ബാധ്യത ധനകാര്യ മാനേജ്‌മെന്‍റിന്‍റെമികവുകൊണ്ട് ഈ മാസം 28 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
മലയാള മനോരമ

0 comments:

Post a Comment