ഏജൻസികൾ നേടിയ കോടികൾ പരിസ്ഥിതിക്ക് നൽകിയിട്ടുണ്ട്

 ‘പരിസ്ഥിതി ഏജൻസികൾ നേടിയത് കോടികളുടെ വിദേശപണം’ എന്ന തലക്കെട്ടിൽ 2013 നവംബർ 18-ന് മംഗളം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് നേച്ചർ ഇനിഷിയേറ്റീവ് കേരളയുടെ മറുപടി. 2013 നവംബർ 23-നു മംഗളം ദിനപത്രം ഇതു പ്രസിദ്ധീകരിച്ചു. ഈ പ്രതികരണം ഒരു മാറ്റവും വരുത്താതെ അതേപടി പ്രസിദ്ധീകരിക്കാൻ തയാറായതിന് ഞങൾ മംഗളത്തെ അഭിനന്ദിക്കുന്നു

Photo Courtesy: Wikipedia













ഭുവനചന്ദ്രൻ
മെന്റർ
നേച്ചർ ഇനിഷിയേറ്റീവ് കേരള

‘പരിസ്ഥിതി ഏജൻസികൾ നേടിയത് കോടികളുടെ വിദേശപണം’ എന്ന് മംഗളം (നവംബർ 18) മുൻപേജിൽ പ്രസിദ്ധീകരിച്ച അതി പ്രധാന വാർത്തയാണ്‌ ഈ പ്രതികരണത്തിന്‌ ആധാരം. വാർത്തകളെയും സംഭവങ്ങളെയും സമചിത്തതയോടെ സമീപിക്കുന്ന പക്ഷം പിടിക്കാത്ത നിലപാടുണ്ടായിരുന്ന പത്രമെന്ന ഖ്യാതിയുണ്ടായിരുന്നു മംഗളത്തിന്‌. എന്നാൽ. ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ പേരിൽ ചിലർ  മലയോര ജനതയെ ഇളക്കിവിട്ടതോടെ മംഗളത്തിന്റെ ഉള്ളിലിരിപ്പ് മറനീക്കി പുറത്തു വന്നത് കാണുന്നതിൽ അനല്പമായ സന്തോഷമുണ്ട്. മലയോരത്തിൽ വായനക്കാർക്കിടയിൽ സ്വാധീനം ചെലുത്താൻ തികച്ചും പരിസ്ഥിതി വിരുദ്ധ നിലപാട് സ്വീകരിക്കുക എന്നതു തന്നെ നല്ലവഴി എന്ന് മംഗളം തീരുമാനിച്ചതിൽ ഒട്ടും അൽഭുത​‍ൂപ്പെടുന്നില്ല. പുരോഗമനപ്രസ്ഥാനമെന്ന് അഭിമാനിക്കുന്ന സി.പി.എം. തികച്ചും രാഷ്ട്രീയ അവസരവാദത്തിനു മുൻതൂക്കം നൽകി പിന്തിരിപ്പിനായ ഒരു ഹർത്താൽ നടത്താൻ വരെ തയാറായ സാഹചര്യത്തിൽ പ്രത്യേകിച്ചും.
പരിസ്ഥിതി രംഗത്തു പ്രവർത്തിക്കുന്ന സംഘടനകൾ വിദേശത്തു നിന്നു കോടികൾ കൈപ്പറ്റി എന്നവാർത്തയിൽ അവരത് പശ്ചിമഘട്ടത്തിന്റെ പഠനത്തിനും മറ്റും ചെലവഴിച്ചു എന്ന വലിയ ‘വെളിപ്പെടുത്തലു’മുണ്ട്. വിദേശത്തു നിന്നു പണം പറ്റി മലയോര ജനങ്ങൾക്കെതിരേ നിലപാടെടുക്കുന്നുവെന്ന് പറയാതെ പറയുകയാണ്‌ റിപ്പോർട്ടിൽ. മാധ്യമരംഗത്തും കള്ളനാണയങ്ങൾ ഉള്ളതു പോലെ പരിസ്ഥിതി സംഘടനകല്ക്കിടയിലും ഉണ്ടാകാം. എന്നാൽ, ഇത്തരം സംഘടനകൾക്ക് വിദേശത്തു നിന്ന് പണം ലഭിക്കുമെന്ന് കരുതുന്നത് മഠയത്തരമാണ്‌. വിദേശത്തു നിന്ന് ഇന്ത്യയിലെയും മറ്റും സർക്കാരിതര സംഘടനകൾക്ക് ധനസഹായം നല്കുന്നത് വളാരെ സുശൿതമായ നടപടിക്രമങ്ങൾ പാലിക്കുന്ന പ്രസ്ഥാനങ്ങളാണ്‌. അവ വെറുതേ ആർക്കും പണം വാരിക്കോരി നല്കില്ല.
ഈ റിപ്പോർട്ടിൽ പരാമർശിക്കുന്ന ബംഗളുരുവിലെ അശോകാ ട്രസ്റ്റ് ഇന്ത്യയിലെ ഏറ്റവും ബഹുമാന്യതയുള്ള സംഘടനകളിൽ ഒന്നാണ്‌. അവരുടെ വെബ്സൈറ്റിൽ അവരുടെ പ്രവർത്തനങ്ങൾ എല്ലാം വിശദമായി നല്കിയിട്ടുണ്ട്. അവരുടെ പഠന റിപ്പോർട്ടുകളും ധാരാളമുണ്ട്. അശോകയുടെ ട്രസ്റ്റി ഡോ. കെ.എൻ. അശോകയ്യ ഗാഡ്ഗിൽ സമിതിയിൽ അംഗമായത് പ്രശസ്തനായ കാർഷിക ശാസ്ത്രജ്ഞൻ എന്ന നിലയിലാണ്‌. ബംഗളുരുവിലെ കാർഷിക സർവകലാശാലാ പ്രഫസറാണ്‌ അദ്ദേഹം. ഉന്നതനായ ഒരു കാർഷിക ശാസ്ത്രജ്ഞൻ ഉൾപെട്ട ഗാഡ്ഗിൽ സമിതി കർഷകവിരുദ്ധമായ റിപ്പോർട്ട് നൽകുമെന്നു കരുതാൻ കണ്ണടച്ച് ഇരുട്ടാക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർക്കേ സാധിക്കൂ.
റിപ്പോർട്ടിൽ പറയുന്ന മറ്റൊരു സംഘടന കോയമ്പത്തൂരിൽ ആനക്കട്ടിയിലെ സാകോൺ ആണ്‌. സാകോൺ എന്നാൽ സലിം ആലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്വറൽ ഹിസ്റ്ററി. കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ സഹകരണത്തോടെ 1990 മുതൽ പ്രവർത്തിക്കുന്ന സംഘടനയാണിത്. കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളായ മൂന്ന് ഐ.എ.എസുകാരും ഒരു ഐ.എഫ്.എസ് ഉദ്യോഗസ്ഥനും ഒരു വൈസ് ചാൻസലറും നിരവധി പ്രഫസർമാരും പരിസ്ഥിതി സംരക്ഷണ മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സംഘടനയായ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ഡയറൿടറുമടക്കം നയിക്കുന്ന ഈ സംഘടനയുടെ ഓഡിറ്റ് റിപ്പോർട്ട് വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായെന്നാണ്‌ ലേഖകന്റെ കണ്ടു പിടിത്തം. കേന്ദ്ര സർക്കാരിന്‌ നേരിട്ടു നിയന്ത്രണമുള്ള സാകോണിന്റെ എല്ലാ കണക്കും കേന്ദ്രസർക്കാരിൽ ഭദ്രമാണ്‌. സംശയമുള്ളവർക്ക് 10 രൂപ അടച്ച് വിവരാവകാശ നിയമപ്രകാരം ഒരപേക്ഷ നല്കിയാൽ എല്ലാ വിവരവും കിട്ടും. മാത്രമല്ല, 1992 മുതൽ സാകോണിൽ നടന്ന എല്ലാ പഠനങ്ങളുടെയും വിവരങ്ങൾ സൈറ്റിലുണ്ട്. ഇത്രയും പഠനം നടത്താൻ എത്ര  പണം വേണ്ടിവരുമെന്ന് കണ്ണിനു മഞ്ഞനിറം ബാധിച്ചിട്ടില്ലാത്തവർക്ക് മനസിലാകും.
പോണ്ടിച്ചേരിയിലെ ഫെറൽ 40 ലക്ഷം രൂപയുടെ വിദേശ സഹായം വാങ്ങിയെന്നാണ്‌ വാർത്തയിൽ പറയുന്നത്. കേന്ദ്ര സാങ്കേതിക ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ശാസ്ത്ര വ്യാവസായിക ഗവേഷണ വകുപ്പ് ഗവേഷണ സ്ഥാപനമായി അംഗീകരിച്ച സ്ഥാപനമാണ്‌ ഫെറൽ. അവർ നടത്തിയ പഠനങ്ങൾ എന്തൊക്കെയാണെന്നും അതിന്‌ ഏതൊക്കെ സംഘടനകൾ ധനസഹായം നൽകിയിട്ടുണ്ടെന്നും അവരുടെ വെബ്സൈറ്റിൽ ഒരു സംശയത്തിനും ഇടനൽകാതെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവർ പശ്ചിമഘട്ടത്തെ പറ്റി നടത്തിയ പഠനങ്ങൾ എന്തൊക്കെയെന്ന് സൈറ്റിൽ നിന്നറിയാവുന്നതേയുള്ളൂ.
‘സഹ്യനിലെ ആനത്താരകളെക്കുറിച്ചുള്ള പഠനത്തിനുവരെയായി കോടികളുടേ ഫണ്ടാണ്‌’ സംഘടനകൾ നേടിയതെന്നാണ്‌ മറ്റൊരു ആരോപണം. ഈ പണം വാങ്ങിയിട്ട് എന്തു ചെയ്തെന്നു കൂടി ലേഖകനോ പത്രമോ അന്വേഷിക്കേണ്ടതായിരുന്നു. പ്രത്യേകിച്ച് ആനത്താരാ പഠനം നടത്തിയ സ്ഥലങ്ങളിൽ മംഗളത്തിനു ലേഖകന്മാരുള്ളപ്പോൾ. ലോകത്തിലെ ഏറ്റവും പുരാതനമായ ജൈവ പദ്ധതികളിലൊന്നാണ്‌ ആനത്താരകൾ. ആനകൾ തലമുറകൾ പിന്നിട്ടാലും ഓരോ മേഖലയിലും  സ്ഥിരമായ പാതകളിലൂടെയാണ്‌ സഞ്ചരിക്കുക. ഇത്തരം സ്ഥലങ്ങൾ ജനവാസ മേഖലകളായി മാറുന്നത് ആനകൾക്കും മനുഷ്യർക്കും ബുദ്ധിമുട്ടായി മാറുന്നതു തടയാനായിരുന്നു ഈ പഠനം നടത്തുക മാത്രമല്ല ചെയ്തിട്ടുള്ളതെന്നു മനസിലാക്കുക. റിപ്പോർട്ടിൽ പറയുന്ന വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ്‌ ഈ പഠനം നടത്തിയത്. വളരെ സുതാര്യമായ പ്രവർത്തന പാരമ്പര്യമുള്ള ഈ സംഘടന ആനത്താരകളിൽ വരുന്ന സ്ഥലങ്ങൾ കർഷകർക്ക് പണം നല്കി വാങ്ങി കേര:ള വനം വകുപ്പിനു കൈമാറുകയാണ്‌ ചെയ്തിട്ടുള്ളത്. കേരള വനം വകുപ്പിന്‌ വന സംരക്ഷണത്തിനായി വാഹനങ്ങളും മറ്റും ഇവർ നൽകുകയും ചെയ്തിട്ടുണ്ടെന്നറിയുക.
പരിസ്ഥിതി സംഘടനകളെ സംശയ നിഴലിൽ നിറുത്തുക എന്ന ലക്ഷ്യം മാത്രംവച്ച് തയാറാക്കിയ ഈ റിപ്പോർട്ടെഴുതിയ ലേഖകനും പത്രാധിപരും ദയവു ചെയ്ത് ഇവരുടെ പ്രവർത്തനങ്ങളെ കൺതുറന്നു കാണുക. ഇവർ പശ്ചിമഘട്ടത്തെക്കുറിച്ച് നടത്തിയ പഠനങ്ങൾ ആരെയെങ്കിലും ‘വഹിക്കാ’നായിരിന്നില്ലെന്ന് അറിയുക. ഈ പഠനങ്ങൾ ഇന്നാട്ടിലെ പരിസ്ഥിതിയുടെ സംരക്ഷണത്തെ സഹായിക്കാൻ വേണ്ടിയാണ്‌. വിദേശത്തുനിന്ന് ഫണ്ടും മറ്റും നേടിയെടുത്ത് ആശുപത്രികളും മറ്റും പണിത് മടിശീല വീർപ്പിക്കാനല്ല. ലക്ഷങ്ങൾ, കോടികൾ എന്ന് കേൾക്കുമ്പോൾ കണ്ണു മഞ്ഞളിച്ച് എന്തും ചെയ്യാൻ തയാറാകുന്നവരല്ല അർപിത മനസോടെ പ്രവർത്തിക്കുന്ന  പരിസ്ഥിതി സ്നേഹികൾ.

0 comments:

Post a Comment