പുഴുക്കൂരിയെ കരുവന്നൂര്‍ പുഴയില്‍ കണ്ടെത്തി

തൃശ്ശൂര്‍: ഒന്നര നൂറ്റാണ്ടിലേറെയായി ജൈവസമ്പത്തില്‍നിന്ന് കാണാതായെന്ന് കരുതിയ പുഴുക്കൂരി മത്സ്യത്തെ തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ പുഴയില്‍നിന്ന് കണ്ടെത്തി. മിസ്റ്റസ് ആള്‍മേറ്റസ് എന്ന ശാസ്ത്രനാമത്തിലുള്ള ശുദ്ധജലമത്സ്യമായ പുഴുക്കൂരിക്ക് വംശനാശം വന്നതായാണ് കഴിഞ്ഞകാലംവരെ ശാസ്ത്രലോകം കരുതിയിരുന്നത്. ഈ ധാരണയാണ് കൊല്ലം ചവറ ഗവ. കോളേജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മാത്യൂസ് പ്‌ളാമൂട്ടില്‍ തിരുത്തിയത്.

കരുവന്നൂര്‍ പുഴ കൂടാതെ നന്തിക്കര മേഖലയിലും നടത്തിയ തിരച്ചിലിലാണ് പുഴുക്കൂരിയെ കണ്ടെത്തിയത്. കരുവന്നൂര്‍ പുഴയില്‍നിന്ന് ലഭിച്ച ഈ ഇനത്തില്‍പ്പെട്ട ആറു മത്സ്യങ്ങളെ ഇപ്പോള്‍ കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ജന്തുശാസ്ത്ര മേഖലയില്‍ സൂക്ഷിച്ചിട്ടുണ്ട്.

1865ല്‍ ബ്രിട്ടീഷുകാരനായ ഫ്രാന്‍സിസ് ഡേ ആണ് പുഴുക്കൂരിയെ കണ്ടെത്തിയത്. ഇതും കരുവന്നൂര്‍ പുഴയില്‍നിന്നു തന്നെയായിരുന്നു. 2004ല്‍ സ്റ്റീവന്‍ ഗ്രാന്‍റ് എന്ന ശാസ്ത്രജ്ഞനാണ് പുഴുക്കൂരി ഭൂമുഖത്ത് ഇല്ലെന്നും അതിനോട് സാമ്യമുള്ള മിസ്റ്റസ് ഒകുലേറ്റസ് എന്ന മത്സ്യം മാത്രമേ ഉള്ളൂവെന്നുമുള്ള വാദം അവതരിപ്പിച്ചത്.
ഈ വാദമാണ് മാവേലിക്കര തടത്തില്‍ സ്വദേശിയായ മാത്യൂസ് പ്‌ളാമൂട്ടിലിന്റെ കണ്ടെത്തലോടെ വഴി മാറിയത്. ഇക്കാര്യം അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ ഫിഷറീസിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കരുവന്നൂര്‍ പുഴയില്‍ മാത്രമാണ് ഈ മത്സ്യത്തെ കാണുന്നത്. താരതമ്യേന നീളമുള്ളതും മുകള്‍ഭാഗം പരന്നതുമായ തലയും ഉച്ചിയില്‍ കാണാവുന്ന രണ്ട് താഴ്ന്ന ഭാഗങ്ങളും വാലിന്റെ താഴെ വരെയെത്തുന്ന മേല്‍മീശയും ഇതിന്റെ സവിശേഷതയാണ്. ആഴവും ഒഴുക്കുമുള്ള തെളിഞ്ഞ ജലാശയങ്ങളിലാണ് ഈ മത്സ്യം വളരുന്നത്.
കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ഡോ. നെല്‍സണ്‍ പി. എബ്രഹാം ഗവേഷണത്തിന് നേതൃത്വം നല്‍കി.
Mathrubhumi April 30, 2014

0 comments:

Post a Comment