പത്തനംതിട്ട:
പരിസ്‌ഥിതിലോല പ്രദേശങ്ങളില്‍നിന്നു ജനവാസ-കാര്‍ഷികമേഖലയെ
ഒഴിവാക്കുന്നതിന്റെ മറവില്‍ വന്‍കിട ക്രഷര്‍-പാറമട യൂണിറ്റുകളെ
സംരക്ഷിക്കാന്‍ നീക്കം. ക്രഷര്‍ ഉടമകളുടെ ഉന്നത രാഷ്‌ട്രീയ ബന്ധമാണ്
ഇതിനുപിന്നില്‍. രാഷ്‌ട്രീയ പ്രമുഖര്‍ നേരിട്ടും ബിനാമികളുടെ സഹായത്തോടെ
നടത്തുന്നതുമായ നിരവധി പാറമടകളും ക്രഷറുകളുമാണു പരിസ്‌ഥിതി ലോല
പ്രദേശങ്ങളിലുള്ളത്.
എന്തുവിലകൊടുത്തും ജനവാസമേഖലയുടെ മറവില്‍ ഇത്തരം പദ്ധതികളെ
സംരക്ഷിക്കാനാണു നീക്കം. കഡസ്‌ട്രല്‍ ഭൂപടം തയാറാക്കാന്‍ പഞ്ചായത്തുകള്‍
ചോദിച്ചിട്ടുള്ള സാവകാശത്തിനു പിന്നില്‍ ക്വാറി ഉടമകളുമായുള്ള
വിലപേശലാണെന്നും പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കേരളത്തിലെ സഹ്യപര്‍വതനിരയില്‍ നൂറിലധികം പാറമടകളും ക്രഷര്‍
യൂണിറ്റുകളുമാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പലതിനും ലൈസന്‍സ്
ഇല്ലായിരുന്നു. തിരക്കിട്ട് അടുത്തിടെ ഇത്തരം ക്രഷര്‍ യൂണിറ്റുകള്‍ക്ക്
ലൈസന്‍സ് നല്‍കിയതിനുപിന്നിലും ദുരൂഹതയുണ്ട്.
പത്തനംതിട്ട ജില്ലയില്‍ ഇത്തരത്തില്‍ പത്തിലധികം ക്വാറികളും ക്രഷര്‍യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
നിശ്‌ചിത കാലയളവിലേക്കല്ല പല ക്വാറികള്‍ക്കും ലൈസന്‍സ്
നല്‍കിയിട്ടുള്ളത്. അഞ്ചുമുതല്‍ പത്തുവര്‍ഷത്തേക്കുവരെ
പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് പല പാറമടകളും ക്രഷര്‍ യൂണിറ്റുകളും
നേടിയിട്ടുണ്ട്. പല പഞ്ചായത്തുകളും തങ്ങളുടെ മേഖലയില്‍ ക്രഷര്‍
യൂണിറ്റുകള്‍ ഉണ്ടെന്നു വ്യക്‌തമാക്കുന്നുണ്ടെങ്കിലും പുറത്തുനിന്നും പാറ
എത്തിച്ചാണു പ്രവര്‍ത്തനം നടക്കുന്നതെന്നു വരുത്തിതീര്‍ക്കാനാണു
ശ്രമിക്കുന്നത്.
പത്തനംതിട്ടയില്‍ ശബരിമല വനമേഖലയോട് ചേര്‍ന്നും ക്രഷര്‍യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എത്രയും വേഗം പരിസ്‌ഥിതി ലോല പ്രദേശത്തെ കൃഷി-ജനവാസ മേഖലയുടെ ഭൂപടം
തയാറാക്കി ഡല്‍ഹിയില്‍ എത്തിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കൃത്യതയോടെ ചെയ്യേണ്ട ജോലി വേഗത്തിലാക്കുന്നത് അട്ടിമറി സാധ്യത കൂട്ടും.
പരിസ്‌ഥിതി ആഘാത വ്യവസായങ്ങള്‍ നിയമത്തിന്റെ മുന്നില്‍നിന്നും രക്ഷപെടാനും
"അതിവേഗം" ഇടയാക്കും. പരിസ്‌ഥിതി ലോല പ്രദേശത്തിന്റെ ഭൂപടം തയാറാക്കി
സര്‍വേവകുപ്പ് കലക്‌ടര്‍ക്കു നേരത്തെ സമര്‍പ്പിച്ചിരുന്നു. അവിടെനിന്നും
ഭൂപടം എല്ലാ വില്ലേജ് ഓഫീസുകള്‍ക്കും കൈമാറി.
ഇവിടെനിന്നാണു പഞ്ചായത്ത് ഓഫീസുകളില്‍ ഭൂപടം എത്തിയത്. ക്രഷര്‍ ഉടമകളുടെ
താല്‍പര്യം സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നത് പഞ്ചായത്ത് ഓഫീസുകള്‍
കേന്ദ്രീകരിച്ചാണെന്നു പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫീസര്‍,
വനംവകുപ്പ് ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങുന്ന അഞ്ചംഗസംഘം
നേരത്തെ നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തില്‍ പരിസ്‌ഥിതി ലോലമേഖലയില്‍
ഉള്‍പ്പെടുന്ന ജനവാസ -കൃഷി പ്രദേശങ്ങളുടെ സര്‍വേ നമ്പര്‍
എഴുതിചേര്‍ക്കുകയാണു ചെയ്യുന്നത്. എന്നാല്‍ ഇത്രയും കുറഞ്ഞ
സമയത്തിനുള്ളില്‍ കൃഷി-ജനവാസ ഇടങ്ങള്‍ തിരിച്ച് എങ്ങിനെ കഡസ്‌ട്രല്‍ ഭൂപടം
തയാറാക്കും എന്നതാണ് പ്രധാന ചോദ്യം.
പട്ടയം, പാട്ടം എന്നിവ കൊടുത്ത ഭൂമിയിലാണ് പല ക്രഷര്‍-പറമടയൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നത്. പാറ പൊതുസ്വത്താണ്. സര്‍ക്കാരില്‍ റോയല്‍റ്റിയും
പാറയുടെ വിലയും അടച്ചശേഷമേ പാറപൊട്ടിച്ചുനീക്കാന്‍ പറ്റുകയുള്ളൂ.
എന്നാല്‍ ഭൂമി ഖനനം ചെയ്യുന്നതിനിടെ പാറ കണ്ടെത്തുകയാണെങ്കില്‍ അതു
സ്വകാര്യ സ്വത്തില്‍ ഉള്‍പ്പെടും. ഇങ്ങനെ കണ്ടെത്തുന്ന പാറ പൊതുസ്വത്തില്‍
ഉള്‍പ്പെടാത്തതിനാല്‍ സര്‍ക്കാരിലേക്കു റോയല്‍റ്റിമാത്രം അടച്ചാല്‍
മതിയാകും. പൊതുസ്വത്തായ പാറകള്‍ പോലും മണ്ണ് നീക്കം ചെയ്‌തപ്പോള്‍
കണ്ടെത്തിയതാണെന്നു വരുത്തിതീര്‍ത്ത് ഇഷ്‌ടംപോലെ പൊട്ടിച്ചുനീക്കുകയാണു
ചെയ്യുന്നത്.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ വ്യവസ്‌ഥയും പാറമട-ക്രഷര്‍ ഉടമകള്‍ക്ക് സഹായകമാകുന്നുണ്ട്.
ഇപ്പോള്‍ അനുമതിയുള്ള പാറമടകള്‍ക്കു ലൈസന്‍സ് കാലാവധി
പൂര്‍ത്തിയാകുന്നതുവരെയൊ അടുത്ത അഞ്ചുവര്‍ഷം വരെയൊ ഖനനം തുടരാമെന്നാണു
വ്യവസ്‌ഥയിലുള്ളത്. അഞ്ചുവര്‍ഷം കഴിയുമ്പോഴേക്കും ഇക്കാര്യത്തില്‍
ഇളവുനേടാന്‍ രാഷ്‌ട്രീയ പിന്തുണ ഇവരെ സഹായിക്കും. വികസനത്തിനു പാറ
അവശ്യഘടകമായതിനാല്‍ ഇതിനുള്ള ഇളവ് നേടിയെടുക്കാനും സാധിക്കും.
സംസ്‌ഥാനത്തെ പാറമടകള്‍ സംബന്ധിച്ചു സര്‍ക്കാരിനു വ്യക്‌തമായ കണക്കില്ല.
കണക്കെടുത്തുവരികയാണെന്നാണു നിയമസഭാ ചോദ്യോത്തരവേളയില്‍ റവന്യൂമന്ത്രി
അറിയിച്ചത്.
മൂവായിരത്തില്‍ അധികം പാറമടകളും ക്രഷര്‍ യൂണിറ്റുകളുമുണ്ടെന്നു പരിസ്‌ഥിതി
പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്‌ഥിതി ലോല മേഖലയായ ഇടുക്കിയില്‍
200-ല്‍പരം പാറമടകളുണ്ട്.
കോട്ടയത്ത് 300-ല്‍പരം പാറമടകള്‍ പ്രവര്‍ത്തിക്കുന്നു. ജനവാസ മേഖലയുടെ
മറവില്‍ പാറമടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതോടെ
കസ്‌തൂരിരംഗന്‍ ശിപാര്‍ശകള്‍ അട്ടിമറിക്കപ്പെടുമെന്നു പരിസ്‌ഥിതി
പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
സജിത്ത് പരമേശ്വരന്‍
മംഗളം ദിനപത്രം April 28, 2014
സജിത്ത് പരമേശ്വരന്‍
മംഗളം ദിനപത്രം April 28, 2014
0 comments:
Post a Comment