കണ്ണില്‍ ചോരയില്ലാതെ മരം മുറിച്ചു: പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊന്നു

കോട്ടയം: വികസനത്തിന്റെ പേരില്‍ നിര്‍ദാക്ഷിണ്യം തണല്‍മരങ്ങള്‍ മുറിച്ചുനീക്കിയ അധികൃതര്‍ കൊന്നൊടുക്കിയത് നിരവധി നീര്‍പ്പറവക്കുഞ്ഞുങ്ങളെ.


നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിനുമുന്നില്‍ എല്‍.ഐ.സി. ഓഫീസ് മുതല്‍ സീസര്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡരികിലെ നാല് മരങ്ങളാണ് രാത്രിയുടെ മറവില്‍ വെട്ടിവീഴ്ത്തിയത്. കൂടുകൂട്ടിയിരുന്ന ഇരണ്ട, നീര്‍പ്പറവ കുഞ്ഞുങ്ങളും വംശനാശഭീഷണി നേരിടുന്ന ചേരക്കോഴികുഞ്ഞുങ്ങളും മരങ്ങള്‍ നിലംപൊത്തിയതോടെ ചത്തൊടുങ്ങി.

ബുധനാഴ്ച രാവിലെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. റോഡ് വീതികൂട്ടി ടാര്‍ ചെയ്യുന്നതിനുവേണ്ടിയാണ് മരങ്ങള്‍ മുറിച്ചത്. 

ഇതിന് അനുമതിതേടി പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍ മാസങ്ങള്‍ക്കുമുമ്പ് വനംവകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. 

നീര്‍പ്പറവകള്‍ കൂടുകൂട്ടിയ സമയത്തുതന്നെ മരങ്ങള്‍ മുറിച്ചുനീക്കിയതാണ് പക്ഷിക്കുഞ്ഞുങ്ങള്‍ ചാകാന്‍ കാരണം. സംഭവമറിഞ്ഞ് സാമൂഹ്യ വനവത്കരണവിഭാഗം റെയ്ഞ്ച് ഓഫീസര്‍ ഷാജി കെ.വര്‍ക്കി സ്ഥലം സന്ദര്‍ശിച്ചു. തുടര്‍നടപടി സ്വീകരിക്കാന്‍ എരുമേലി റെയ്ഞ്ച് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാന്‍ സാമൂഹ്യവനവത്കരണ വിഭാഗത്തിന് അധികാരമില്ല. മരം മുറിച്ചുമാറ്റാന്‍ അനുമതി വാങ്ങിയിരുന്നുവെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍ പറഞ്ഞു.

ഏപ്രില്‍-മെയ്, ആഗസ്ത്-സപ്തംബര്‍ മാസങ്ങളിലാണ് നീര്‍പ്പറവകള്‍ കൂടുകൂട്ടുന്നത്. ഒരു മാസംകൂടി ക്ഷമിച്ചിരുന്നെങ്കില്‍ ഈ കുരുതി ഒഴിവാക്കാമായിരുന്നുവെന്ന് ട്രീ അതോറിറ്റി കമ്മിറ്റിയംഗം കെ.ബിനു പറഞ്ഞു. സപ്തംബറില്‍ കിളികള്‍ കൂടുപേക്ഷിച്ച് പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപമുണ്ടായിരുന്ന വന്‍ വൃക്ഷങ്ങളിലാണ് ഈ കിളികള്‍ നേരത്തെ കൂടുകൂട്ടിയിരുന്നത്. റോഡ് വികസനത്തിന് ഈ മരങ്ങള്‍ മുറിച്ചതോടെയാണ് ഇവ നാഗമ്പടത്തെ മരങ്ങള്‍ താവളമാക്കിയത്.

നാഗമ്പടത്തെ ഓഫീസിന് മുന്നിലുള്ള തണല്‍മരം മുറിച്ചുമാറ്റാന്‍ എല്‍.ഐ.സി. മൂന്നാഴ്ച മുമ്പ് വനംവകുപ്പിന്റെ അനുമതി തേടിയിരുന്നു. റെയ്ഞ്ച് ഓഫീസര്‍ ഷാജി കെ.വര്‍ക്കി സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, മരത്തില്‍ കിളിക്കൂടുകള്‍ കണ്ടതിനാല്‍ റെയഞ്ച് ഓഫീസര്‍ അനുമതി നല്‍കിയില്ല. ഇക്കാരണത്താല്‍ ഈ മരം മുറിച്ചിട്ടില്ല.


Mathrubhumi 29/8/2013
http://www.mathrubhumi.com/static/others/special/story.php?id=387247

Read more »

ജലസമ്പത്ത് സംബന്ധിച്ച വിവരങ്ങള്‍ ഇനി രഹസ്യമല്ല

ന്യൂഡല്‍ഹി: ജലലഭ്യതയെയും സ്രോതസ്സുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇനി അതി രഹസ്യമല്ല. കാര്യകാരണങ്ങള്‍ വിശദീകരിച്ച് രേഖ ആവശ്യപ്പെടുന്നവര്‍ക്ക്, അവരുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറാമെന്ന് കേന്ദ്ര ജല വിഭവ മന്ത്രാലയം പുറത്തിറക്കിയ പുതിയ നയരേഖയില്‍ വ്യക്തമാക്കുന്നു. വിദേശികള്‍ക്ക് വിവരം നല്‍കുന്നതിനും തടസ്സമില്ല.

കിട്ടുന്ന വിവരങ്ങള്‍ കൈമാറാനോ, പ്രസിദ്ധീകരിക്കാനോ പാടില്ല. അതുപയോഗിച്ച് നടത്തുന്ന വിശകലനങ്ങളുടെ ഫലം മാത്രമേ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കൂവെന്ന് നയരേഖയില്‍ വ്യക്തമാക്കുന്നു. വാണിജ്യ ലക്ഷ്യത്തോടെയാണ് വിവരം തേടുന്നതെങ്കില്‍ ഓരോ പ്രദേശത്തിനും പ്രതിവര്‍ഷം 75, 000 രൂപ ഫീസീടാക്കിയായിരിക്കും വിവരങ്ങള്‍ നല്‍കുക. അതേ സമയം വാണിജ്യലക്ഷ്യത്തോടെയല്ലാതെ വിവരങ്ങള്‍ തേടുന്ന ഇന്ത്യക്കാര്‍ ഫീസ് നല്‍കേണ്ടതില്ല.

രണ്ട് തലത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമായിരിക്കും ജലസമ്പത്ത് സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകന് നല്‍കുക. കേന്ദ്ര ജലക്കമ്മീഷനിലെ ഇതിനായി ചുമതലപ്പെടുത്തിയ ചീഫ് എന്‍ജിനീയര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകന്റെ വിശ്വസിനീയത, ഉദ്ദേശ്യശുദ്ധി എന്നിവയും തേടുന്ന വിവരങ്ങള്‍ക്ക് ഈടാക്കേണ്ട ഫീസും വിലയിരുത്തി അദ്ദേഹം ശുപാര്‍ശ നല്‍കണം. ജലക്കമ്മീഷനിലെ നാല് മുതിര്‍ന്ന അംഗങ്ങളും വിദേശ മന്ത്രാലയത്തിലെ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് ശുപാര്‍ശ പരിഗണിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്.

പാകിസ്താനിലേക്കൊഴുകുന്ന സിന്ധു നദിയും അതിന്റെ പോഷക നദികളും അടങ്ങുന്ന ഒന്നാം മേഖലയിലെയും ബംഗ്ലദേശിലേക്കൊഴുകുന്ന ഗംഗ-ബ്രഹ്മപുത്ര-മേഘ്‌ന നദിതടം അടങ്ങുന്ന രണ്ടാം മേഖലയിലെയും വിവരങ്ങള്‍ രഹസ്യരേഖയായാണ് കരുതുന്നത്.എന്നാല്‍ ഇതൊഴികെയുള്ള പ്രദേശങ്ങളിലെ ജലസമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമല്ല.

Mathrubhumi 29/8/2013

Read more »

പാരിസ്ഥിതികാനുമതിയും ലൈസൻസും ഇല്ലാത്ത മണൽ വാരൽ ഹരിത ട്രിബ്യൂണൽ നിരോധിച്ചു

ന്യൂഡല്‍ഹി: പരിസ്ഥിതി അനുമതി ഇല്ലാതെയുള്ള മണല്‍ വാരല്‍ ദേശീയ ഹരിത ട്രിബ്യൂണന്‍ നിരോധിച്ചു. മണല്‍ ഖനനം ദേശീയപ്രാധാന്യമുള്ള വിഷയമാണ്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.
രാജ്യത്തെ നദികളില്‍ നിന്ന് മണല്‍ വാരുന്നതിന് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെയോ തത്തുല്യ അധികാരമുള്ള മറ്റ് കേന്ദ്രങ്ങളുടെയോ അനുമതി വേണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ അഞ്ചംഗ കമ്മീഷന്റേതാണ് ഉത്തരവ്.
രാജ്യത്തെ നദീതീരങ്ങളില്‍ നിന്നും നദികളില്‍ നിന്നും മണല്‍ വാരുന്നതിന്ദേശീയ ഹരിത ട്രിബ്യൂണല്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികളുടെയോ അനുമതി വേണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. അനധികൃത മണല്‍ ഖനനം വഴി സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.

Read more »