വരഡൂര്‍: തുമ്പികളുടെ ഗ്രാമം

തളിപ്പറമ്പ്:വരഡൂര്‍ ഗ്രാമത്തിലെത്തിയാല്‍ മാടായിപ്പാറയോട് കിടപിടിക്കുന്ന രീതിയില്‍ പാറിപ്പറന്നു നടക്കുന്ന തുമ്പികളെ കാണാം. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെന്‍ഡറി സ്‌കൂള്‍ അഗ്രിക്കള്‍ച്ചര്‍ വിഭാഗത്തിലെ ജന്തുശാസ്ത്ര അധ്യാപകനായ വിനയന്‍ പി. നായര്‍ നടത്തിയ പഠനത്തിലാണ് തളിപ്പറമ്പിനടുത്തുള്ള മുയ്യം-വരഡൂര്‍ പ്രദേശത്ത് 44 ഇനം തുമ്പികളെ കണ്ടെത്തിയത്. 

പഠനറിപ്പോര്‍ട്ട് ഇന്‍വര്‍ട്ടിബ്രേറ്റ് കണ്‍സര്‍വേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഇ-ജേര്‍ണലായ 'ബഗ്‌സ് ആര്‍ ഓളി'ല്‍ പ്രസിദ്ധീകരണത്തിനായി ഈ പഠനം അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി മുയ്യം വരഡൂര്‍ ലക്ഷ്മീനാരായണക്ഷേത്ര പരിസരത്തും പാടശേഖരങ്ങളിലുമായി നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തല്‍. 

സൈരന്ധ്രി ക്ലബ് ടെയില്‍, കേരളത്തില്‍ രണ്ടാമതായി കണ്ണൂരില്‍ കണ്ടെത്തിയ പാരക്കീറ്റ് ഡാര്‍നര്‍, കണ്ണൂരില്‍ ആദ്യമായി സാന്നിധ്യം തിരിച്ചറിഞ്ഞ റസ്റ്റി മാര്‍ഷ്ഡാര്‍ട്ട്, മലബാര്‍ സൈപ്രറ്റ്, ബ്ലൂ ടെയില്‍ഡ് ഗ്രീന്‍ഡാര്‍നര്‍, റൂഫസ് ബാക്ക്ഡ് മാര്‍ഷ് ഡാര്‍ട്ട്, ആംബര്‍ വിങ്‌സ് മാര്‍ഷ് ഗ്ലൈഡര്‍ എന്നീ ഇനങ്ങളും ഇവിടെയുണ്ട്. 44 ഇനങ്ങള്‍ക്ക് പുറമെ ഈയടുത്തായി അത്യപൂര്‍വമായ എപോഫ് താല്‍മിയ ഫ്രോണ്‍ടാലിസ്, മൈത്രോ ഗോംഫസ് സ്​പീഷീസ് എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. 

പശ്ചിമഘട്ട മലനിരകളിലെ നിബിഡവനങ്ങളില്‍ മാത്രം കണ്ടെത്തിയ സൈരന്ധ്രി ക്ലബ് ടെയില്‍ എന്നയിനത്തിന്റെ സാന്നിധ്യം ഈ പ്രദേശത്തിന്റെ ജൈവപ്രാധാന്യം തെളിയിക്കുന്നതാണ്. 42 ഇനം തുമ്പികളെ കണ്ടെത്തിയ മാടായിപ്പാറയില്‍ കണ്ടെത്താത്ത ചില ഇനങ്ങളും ഈ പ്രദേശത്തുണ്ട്. പഠനത്തില്‍ കണ്ടെത്തിയ മിക്ക സ്​പീഷീസുകളും കൊതുകുകളെ തിന്നുന്നവയാണ്. 

പ്രദേശത്തെ വയലുകളും കുളങ്ങളും തോടുകളും തണ്ണീര്‍ത്തടങ്ങളും സംസ്ഥാന കൃഷിത്തോട്ടമായ കരിമ്പം ഫാമിന്റെ സാന്നിധ്യവും തുമ്പികളുടെ പ്രജനനത്തിനും വളര്‍ച്ചയ്ക്കുമുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നുണ്ട്. 

ടാഗോര്‍ വിദ്യാനികേതന്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അഗ്രിക്കള്‍ച്ചര്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍ വിഭാഗം തളിപ്പറമ്പ് താലൂക്കിലെ തുമ്പികളുടെ വൈവിധ്യത്തെക്കുറിച്ച് വിശദ പഠനങ്ങള്‍ക്കൊരുങ്ങുകയാണ്.

Mathrubhumi 8/9/2013

Read more »

കണ്ണില്‍ ചോരയില്ലാതെ മരം മുറിച്ചു: പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊന്നു

കോട്ടയം: വികസനത്തിന്റെ പേരില്‍ നിര്‍ദാക്ഷിണ്യം തണല്‍മരങ്ങള്‍ മുറിച്ചുനീക്കിയ അധികൃതര്‍ കൊന്നൊടുക്കിയത് നിരവധി നീര്‍പ്പറവക്കുഞ്ഞുങ്ങളെ.


നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിനുമുന്നില്‍ എല്‍.ഐ.സി. ഓഫീസ് മുതല്‍ സീസര്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡരികിലെ നാല് മരങ്ങളാണ് രാത്രിയുടെ മറവില്‍ വെട്ടിവീഴ്ത്തിയത്. കൂടുകൂട്ടിയിരുന്ന ഇരണ്ട, നീര്‍പ്പറവ കുഞ്ഞുങ്ങളും വംശനാശഭീഷണി നേരിടുന്ന ചേരക്കോഴികുഞ്ഞുങ്ങളും മരങ്ങള്‍ നിലംപൊത്തിയതോടെ ചത്തൊടുങ്ങി.

ബുധനാഴ്ച രാവിലെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. റോഡ് വീതികൂട്ടി ടാര്‍ ചെയ്യുന്നതിനുവേണ്ടിയാണ് മരങ്ങള്‍ മുറിച്ചത്. 

ഇതിന് അനുമതിതേടി പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍ മാസങ്ങള്‍ക്കുമുമ്പ് വനംവകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. 

നീര്‍പ്പറവകള്‍ കൂടുകൂട്ടിയ സമയത്തുതന്നെ മരങ്ങള്‍ മുറിച്ചുനീക്കിയതാണ് പക്ഷിക്കുഞ്ഞുങ്ങള്‍ ചാകാന്‍ കാരണം. സംഭവമറിഞ്ഞ് സാമൂഹ്യ വനവത്കരണവിഭാഗം റെയ്ഞ്ച് ഓഫീസര്‍ ഷാജി കെ.വര്‍ക്കി സ്ഥലം സന്ദര്‍ശിച്ചു. തുടര്‍നടപടി സ്വീകരിക്കാന്‍ എരുമേലി റെയ്ഞ്ച് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാന്‍ സാമൂഹ്യവനവത്കരണ വിഭാഗത്തിന് അധികാരമില്ല. മരം മുറിച്ചുമാറ്റാന്‍ അനുമതി വാങ്ങിയിരുന്നുവെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍ പറഞ്ഞു.

ഏപ്രില്‍-മെയ്, ആഗസ്ത്-സപ്തംബര്‍ മാസങ്ങളിലാണ് നീര്‍പ്പറവകള്‍ കൂടുകൂട്ടുന്നത്. ഒരു മാസംകൂടി ക്ഷമിച്ചിരുന്നെങ്കില്‍ ഈ കുരുതി ഒഴിവാക്കാമായിരുന്നുവെന്ന് ട്രീ അതോറിറ്റി കമ്മിറ്റിയംഗം കെ.ബിനു പറഞ്ഞു. സപ്തംബറില്‍ കിളികള്‍ കൂടുപേക്ഷിച്ച് പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപമുണ്ടായിരുന്ന വന്‍ വൃക്ഷങ്ങളിലാണ് ഈ കിളികള്‍ നേരത്തെ കൂടുകൂട്ടിയിരുന്നത്. റോഡ് വികസനത്തിന് ഈ മരങ്ങള്‍ മുറിച്ചതോടെയാണ് ഇവ നാഗമ്പടത്തെ മരങ്ങള്‍ താവളമാക്കിയത്.

നാഗമ്പടത്തെ ഓഫീസിന് മുന്നിലുള്ള തണല്‍മരം മുറിച്ചുമാറ്റാന്‍ എല്‍.ഐ.സി. മൂന്നാഴ്ച മുമ്പ് വനംവകുപ്പിന്റെ അനുമതി തേടിയിരുന്നു. റെയ്ഞ്ച് ഓഫീസര്‍ ഷാജി കെ.വര്‍ക്കി സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, മരത്തില്‍ കിളിക്കൂടുകള്‍ കണ്ടതിനാല്‍ റെയഞ്ച് ഓഫീസര്‍ അനുമതി നല്‍കിയില്ല. ഇക്കാരണത്താല്‍ ഈ മരം മുറിച്ചിട്ടില്ല.


Mathrubhumi 29/8/2013
http://www.mathrubhumi.com/static/others/special/story.php?id=387247

Read more »

ജലസമ്പത്ത് സംബന്ധിച്ച വിവരങ്ങള്‍ ഇനി രഹസ്യമല്ല

ന്യൂഡല്‍ഹി: ജലലഭ്യതയെയും സ്രോതസ്സുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇനി അതി രഹസ്യമല്ല. കാര്യകാരണങ്ങള്‍ വിശദീകരിച്ച് രേഖ ആവശ്യപ്പെടുന്നവര്‍ക്ക്, അവരുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറാമെന്ന് കേന്ദ്ര ജല വിഭവ മന്ത്രാലയം പുറത്തിറക്കിയ പുതിയ നയരേഖയില്‍ വ്യക്തമാക്കുന്നു. വിദേശികള്‍ക്ക് വിവരം നല്‍കുന്നതിനും തടസ്സമില്ല.

കിട്ടുന്ന വിവരങ്ങള്‍ കൈമാറാനോ, പ്രസിദ്ധീകരിക്കാനോ പാടില്ല. അതുപയോഗിച്ച് നടത്തുന്ന വിശകലനങ്ങളുടെ ഫലം മാത്രമേ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കൂവെന്ന് നയരേഖയില്‍ വ്യക്തമാക്കുന്നു. വാണിജ്യ ലക്ഷ്യത്തോടെയാണ് വിവരം തേടുന്നതെങ്കില്‍ ഓരോ പ്രദേശത്തിനും പ്രതിവര്‍ഷം 75, 000 രൂപ ഫീസീടാക്കിയായിരിക്കും വിവരങ്ങള്‍ നല്‍കുക. അതേ സമയം വാണിജ്യലക്ഷ്യത്തോടെയല്ലാതെ വിവരങ്ങള്‍ തേടുന്ന ഇന്ത്യക്കാര്‍ ഫീസ് നല്‍കേണ്ടതില്ല.

രണ്ട് തലത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമായിരിക്കും ജലസമ്പത്ത് സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകന് നല്‍കുക. കേന്ദ്ര ജലക്കമ്മീഷനിലെ ഇതിനായി ചുമതലപ്പെടുത്തിയ ചീഫ് എന്‍ജിനീയര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകന്റെ വിശ്വസിനീയത, ഉദ്ദേശ്യശുദ്ധി എന്നിവയും തേടുന്ന വിവരങ്ങള്‍ക്ക് ഈടാക്കേണ്ട ഫീസും വിലയിരുത്തി അദ്ദേഹം ശുപാര്‍ശ നല്‍കണം. ജലക്കമ്മീഷനിലെ നാല് മുതിര്‍ന്ന അംഗങ്ങളും വിദേശ മന്ത്രാലയത്തിലെ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് ശുപാര്‍ശ പരിഗണിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്.

പാകിസ്താനിലേക്കൊഴുകുന്ന സിന്ധു നദിയും അതിന്റെ പോഷക നദികളും അടങ്ങുന്ന ഒന്നാം മേഖലയിലെയും ബംഗ്ലദേശിലേക്കൊഴുകുന്ന ഗംഗ-ബ്രഹ്മപുത്ര-മേഘ്‌ന നദിതടം അടങ്ങുന്ന രണ്ടാം മേഖലയിലെയും വിവരങ്ങള്‍ രഹസ്യരേഖയായാണ് കരുതുന്നത്.എന്നാല്‍ ഇതൊഴികെയുള്ള പ്രദേശങ്ങളിലെ ജലസമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമല്ല.

Mathrubhumi 29/8/2013

Read more »

പാരിസ്ഥിതികാനുമതിയും ലൈസൻസും ഇല്ലാത്ത മണൽ വാരൽ ഹരിത ട്രിബ്യൂണൽ നിരോധിച്ചു

ന്യൂഡല്‍ഹി: പരിസ്ഥിതി അനുമതി ഇല്ലാതെയുള്ള മണല്‍ വാരല്‍ ദേശീയ ഹരിത ട്രിബ്യൂണന്‍ നിരോധിച്ചു. മണല്‍ ഖനനം ദേശീയപ്രാധാന്യമുള്ള വിഷയമാണ്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.
രാജ്യത്തെ നദികളില്‍ നിന്ന് മണല്‍ വാരുന്നതിന് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെയോ തത്തുല്യ അധികാരമുള്ള മറ്റ് കേന്ദ്രങ്ങളുടെയോ അനുമതി വേണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ അഞ്ചംഗ കമ്മീഷന്റേതാണ് ഉത്തരവ്.
രാജ്യത്തെ നദീതീരങ്ങളില്‍ നിന്നും നദികളില്‍ നിന്നും മണല്‍ വാരുന്നതിന്ദേശീയ ഹരിത ട്രിബ്യൂണല്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികളുടെയോ അനുമതി വേണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. അനധികൃത മണല്‍ ഖനനം വഴി സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.

Read more »

ദിവസം 333 ഏക്കർ വനം ഇല്ലാതാവുന്നു

ബംഗളൂരു: വികസന പദ്ധതികള്‍ക്കായി രാജ്യത്ത് പ്രതിദിനം 135 ഹെക്ടര്‍ (333 ഏക്കര്‍) വനം നശിപ്പിക്കുന്നതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം.
2013 ഏപ്രിലില്‍ മാത്രം 4493 ഹെക്ടര്‍ (11098 ഏക്കര്‍) കാട് വെട്ടിത്തെളിച്ചു. ഫെബ്രുവരിയില്‍ ഇത് 3316 ഹെക്ടര്‍, ജനുവരിയില്‍ 5004 ഹെക്ടര്‍, 2012 ഡിസംബറില്‍ 4687 ഹെക്ടര്‍ എന്നിങ്ങനെ നശിച്ചു. 
ഒരുവിഭാഗം പരിസ്ഥിതി പ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പരിസ്ഥിതി വനം മന്ത്രാലയം ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
അതേസമയം, യഥാര്‍ഥ വനനശീകരണം ഈ കണക്കുകളേക്കാള്‍ ഏറെ കൂടുതലാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.ഓരോ പദ്ധതിക്കും ആവശ്യമായതിനേക്കാള്‍ 100 ഏക്കറെങ്കിലും അധികം ഭൂമി ഏറ്റെടുക്കുന്നതായി എന്‍വയണ്‍മെന്‍റ് ഇംപാക്ട് അസസ്മെന്‍റ് റിസോഴ്സസ് ആന്‍ഡ് റെസ്പോണ്‍സ് സെന്‍ററിന്‍െറ (ഇ.ആര്‍.സി) പഠനം വ്യക്തമാക്കുന്നു.

Madhyamam 12/6/2013

Read more »

അണ്ടു മോഹിച്ച കാടിനെ വീട്ടിലെത്തിച്ചയാൾ

നടുവണ്ണൂര്‍ വീടിനോട് ചേര്‍ന്ന മൂന്നേക്കറില്‍ കാടു വളര്‍ത്തി റിട്ട. അധ്യാപകന്‍ ഇ. പത്മനാഭന്‍ നായര്‍ വന സ്നേഹം സാക്ഷാത്കരിക്കുന്നു.
ഒന്‍പതാം ക്ലാസിലായിരി ക്കെ സ്കൂളില്‍നിന്നു കക്കയത്തേക്കു നടത്തിയ പഠന യാത്രയാണ് കാട്ടൂര്‍ പഞ്ചായത്തിലെ തിരുവോട് ഇ. പത്മനാഭന്‍ നായരെ പ്രകൃതിസ്നേഹിയാക്കിയത്. നിബഡ വനദൃശ്യങ്ങള്‍ ഉണര്‍ത്തിയ കൗതുകം സ്വന്തമായി കാടു വളര്‍ത്താന്‍ പ്രരണയായി. വല്ലോറമലയോട് ചേര്‍ന്ന റിട്ട. അധ്യാപകന്‍ വീടിനോട് ചേര്‍ന്ന മൂന്നേക്കറില്‍ കാടു വളര്‍ത്തുന്നു.
കുടുംബ സ്വത്തായി ലഭിച്ച ഭൂമി ആദ്യകാലത്ത് പച്ചില സംഭരണത്തിനായി മാറ്റിവച്ചതായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ തെങ്ങിനും നെല്ലിനും മറ്റു കൃഷി ആവശ്യങ്ങള്‍ക്കും ഇവിടെനിന്ന് പച്ചില വെട്ടുമായിരുന്നു. എന്നാല്‍, 25 വര്‍ഷത്തി ലധികമായി ഇതു ചെ‡ാറില്ല. ജനവാസ കേന്ദ്രമായതിനാല്‍ വളര്‍ത്തു മൃഗങ്ങള്‍ കയറാതിരിക്കാന്‍ പറമ്പിനു ചുറ്റും വേലികെട്ടി സംരക്ഷിച്ചു. അകത്തേക്ക് ഒന്നിനും പ്രവേശനമില്ലാത്തതിനാല്‍ കാടുവളരാന്‍ തുടങ്ങി. ഇരുള്‍, മരുത്, കൊന്ന, മുള, കുന്നി, മഹാഗണി, മാവ്, ƒാവ്, പീനാറി, ഇലഞ്ഞി, താന്നി, ആല്‍, ആനക്കൈത, ഏഴിലം പാല, കാഞ്ഞിരം, പന, അകില്‍, മട്ടി, കശുമാവ്, ഉപ്പൂത്തി തുടങ്ങിയ മരങ്ങളും കാശാവ്, നിരന്തവള്ളി, മുള്‍വള്ളി, വാറ്റുപുല്ല്, അരിപ്പൂചെടി എന്നിവയും ഇവിടെയുണ്ട്.
മഴവെള്ളം ഒലിച്ചുപോകാതിരിക്കാന്‍ വളപ്പ് തൊടികളായി തിരിച്ചിട്ടുണ്ട്. ഇലകള്‍ കൊഴിഞ്ഞു വീണ് പ്രതലവും സ്വഭാവിക വനത്തിലേതുപോലെ യായി. ഒട്ടേറെപക്ഷികളും ഇവിടെ കൂടൊരുക്കുന്നു. മലമുഴക്കി വേഴാമ്പല്‍ അതിഥിയായെത്താറുണ്ട്. മുയല്‍, മുള്ളന്‍പന്നി, കുറുക്കന്‍, ഉടുമ്പ്, കീരി, പാമ്പുകള്‍, അപൂര്‍വയിനം ചിത്രശലഭങ്ങള്‍ തുടങ്ങിയവയും കാട്ടില്‍ കഴിയുന്നു.
വാകയാട് ഹയര്‍സെക്കന്‍ഡറി സ്കൂളിനോട് ചേര്‍ന്ന മലയില്‍ പൊതുവെ ജലക്ഷാമം ഉണ്ട്. എന്നാല്‍, മൂന്നേക്കറില്‍ പടര്‍ന്നു കിടക്കുന്ന കാട് ഉള്ളതിനാല്‍ പരിസരത്തെ കിണറുകളില്‍ ഏതു വേനലിലും വെള്ളം കിട്ടും. വീട്ടുമുറ്റത്ത് അപൂര്‍വയിനം ഒൗഷധച്ചെടികളും പത്മാനഭന്‍ നായര്‍ വളര്‍ത്തുന്നുണ്ട്.
സ്വന്തം കാട്ടില്‍നിന്നു വെട്ടിയെടുത്ത പ്രത്യേകയിനം മുളകൊണ്ട് നിര്‍മിച്ച ചട്ടിയിലാണ് ചെടികളുള്ളത്. സജീവ രാഷ്ട്രീയ_ സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം സഞ്ചാരപ്രിയന്‍ കൂടിയാണ്. ഹിമാലയം അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

കടപ്പാട്: മലയാള മനോരമ, 20 1 3   ജൂൺ 5,

Read more »

പമ്പ വനം ഡിവിഷനില്‍ അഞ്ച് കടുവകളുടെ സാന്നിധ്യം

ശബരിമല • സന്നിധാനം ഉള്‍പ്പെടുന്ന പന്പ വനം ഡിവിഷന്‍ പരിധിയില്‍ അഞ്ചു കടുവകളുടെ സാന്നിധ്യം കണ്ടെത്തി. പ്രത്യേക നിരീക്ഷണ ക്യാമറകള്‍ ഉപയോഗിച്ചു വനംവകുപ്പു നടത്തിയ കണക്കെടുപ്പിലാണ് പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്‍റെ പശ്ചിമ മേഖലയായ പന്പ ഡിവിഷനില്‍ കടുവകളെ കണ്ടെത്തിയത്.

ഇവയില്‍ ഒരെണ്ണം ശബരിമല സന്നിധാനത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ കുന്നാറിനു സമീപത്ത് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. കുന്നാറില്‍ കണ്ടെത്തിയ കടുവ സാമാന്യം വലുപ്പമുള്ളതു തന്നെയാണെന്നു വനംവകുപ്പ് അധികൃതര്‍ പറയുന്നു. എങ്കിലും ഇത് കാടിറങ്ങുന്നതു വിരളമാണെന്നതിനാല്‍ ഭയപ്പെടാനിലെ്ലന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

രാജ്യത്തെ മുഴുവന്‍ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലെയും കടുവകളുടെ എണ്ണം കണ്ടെത്താനായി നടത്തുന്ന കണക്കെടുപ്പിന്‍റെ ഭാഗമായാണ് പന്പ ഡിവിഷനിലും സര്‍വേ നടത്തിയത്.

മറ്റു ഡിവിഷനുകളിലേതിനു സമാനമായി നവംബര്‍ മാസത്തില്‍ കണക്കെടുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശബരിമല തീര്‍ഥാടനം പരിഗണിച്ചു സന്നിധാനം ഉള്‍പ്പെടുന്ന പന്പ ഡിവിഷനില്‍ കണക്കെടുപ്പു നേരത്തെയാക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഒക്‌ടോബറിലാണ് വനം ഡിവിഷന്‍ പരിധിയിലെ 32 ഇടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.

ഒരുമാസം തുടര്‍ച്ചയായി ബാറ്ററി ചാര്‍ജ് നില്‍ക്കുന്നതും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ പ്രത്യേക നിരീക്ഷണ ക്യാമറകളാണ് വനപ്രദേശങ്ങളില്‍ സ്ഥാപിച്ചത്. ഒരുമാസത്തോളം നീണ്ട കണക്കെടുപ്പിനൊടുവിലാണ് ഡിവിഷന്‍ പരിധിയില്‍ അഞ്ചു കടുവകളെ കണ്ടെത്തിയത്.

കടുവയെ കൂടാതെ ആന, കാട്ടുപോത്ത്, മ്ലാവ്, മുള്ളന്‍പന്നി, മാന്‍, കാട്ടുകോഴി, കാട്ടുപന്നി, കരടി തുടങ്ങിയ വന്യജീവികള്‍ വനം ഡിവിഷനില്‍ സുലഭമാണെന്നു ക്യാമറാ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റു ഡിവിഷനുകളില്‍ പുലി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും പന്പ ഡിവിഷനില്‍ ഇവയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മലയാള മനോരമ 4/12/2012

Read more »